ഞങ്ങൾ ക്രിസ്ത്യാനികൾക്ക് സ്കൂളിൽ പടിക്കണ സമയത്ത് സണ്ഡെസ്കൂൾ എന്നൊരു സംഭവം ഉണ്ട്…. ഞായറാഴ്ച 2 മണിക്കൂർ നീളുന്ന ഒരു സംഭവം… മതബോധനം ആണു ഉദ്ദേശമെങ്കിലും ആരും തന്നെ അത് കാര്യമായി എടുത്തിരുന്നില്ല… പക്ഷെ ഒത്തിരി സുഹ്രുത്തുക്കളെ സമ്മാനിച്ച ഒരു വേദിയായിരുന്നു മേൽപ്പറഞ്ഞ സണ്ഡെസ്കൂൾ…
ഞങ്ങളുടെ ഗെത്സമനി പള്ളി കപ്പൂച്ചിൻ (ഫ്രാൻസിസ് അസ്സീസിയുടെ പിന്ഗാമികളായ ഒരു വിഭാഗം അച്ചന്മാർ) അച്ചന്മാരുടേതായിരുന്നു… കത്തീഡ്രൽ പള്ളിയും ഞങ്ങളുടെ പള്ളിയും തമ്മിൽ എന്തൊ തർക്കം ഉണ്ടായതിന്റെ പേരിൽ ആണുങ്ങൾക്കു ഗെത്സമനി പള്ളിയിലും പെൺകുട്ടികൾക്ക് അടുത്ത് തന്നെയുള്ള മറ്റൊരു പള്ളിയിലും ആയിരുന്നു സണ്ഡെസ്കൂൾ… ഇതിൽ കൂടുതൽ ചതി അച്ചന്മാർ ഞങ്ങളോട് ചെയ്യാനില്ല… കാരണം നല്ല സുന്ദരികളായ പെൺകുട്ടികൾക്കു പേരുകേട്ട ഒരു ഏരിയ ആയിരുന്നു ഞങ്ങളുടേത്… ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല… പക്ഷെ പള്ളികൾ തമ്മിൽ എതിർപ്പായിരുന്നെങ്കിലും ഞങ്ങൾ സണ്ഡെസ്കൂളുകൾ തമ്മിൽ ഒരു നല്ല ബന്ധം ഞങ്ങൾ പുലർത്തിപ്പോന്നു… എല്ലാ ഭാരതീയരും എന്റെ സഹോദരന്മാരും അവരുടെ പെങ്ങന്മാരും എന്നാണല്ലോ…
ജീവിതത്തിലെ സുവർണ കലഘട്ടമായിരുന്നു അത്… പള്ളിയും ഞങ്ങളുടെ ആ ഇടവക (ഒരു പള്ളിയുടെ കീഴിലുള്ള ഏരിയ)യും മാത്രം… പള്ളിയും പെരുന്നാളും ക്രിക്കറ്റും ഫുട്ബോളും… നാട്ടിലുള്ള എല്ലാവർക്കും തന്നെ ഞങ്ങളെ അറിയാം… പള്ളിയിലെ പിള്ളേർ… എന്തിനും ഏതിനും ഞങ്ങൾ തന്നെ… അന്നു ആ ജീവിതത്തിന്റെ വില മനസ്സിലാക്കിയിരുന്നില്ല… ഇന്നു അതോർക്കുമ്പോഴാണു അതിന്റെ വില മനസ്സിലാകുന്നതു… ചെറുതായിരിക്കുമ്പോൾ വലുതാവാൻ മോഹം… വലുതായിക്കഴിഞ്ഞാലോ ഒന്നു ചെറുതായാൽ കൊള്ളാം… അല്ലെ.. .
ഒരല്പം നൊസ്റ്റാൾജിക് ആയി… അതൊക്കെ പോട്ടെ…
ഇനി നമ്മുടെ കഥാതന്തു…. അന്ന് ആ ഞായറാഴ്ച്ചയും പതിവു പോലെ 9:15ഇനു വീട്ടിൽ നിന്നും എന്റെ സ്വന്തം ഹെർക്കുലീസ് എം റ്റി ബി-യിൽ പള്ളിയിലേക്ക് വച്ച് പിടിപ്പിച്ചു… സൈക്കിളിൽ ഉള്ള അഭ്യാസത്തിനു പല അപ്പാപ്പന്മാരും എന്റെ അപ്പനോടും അമ്മയോടും പരാതി പറഞ്ഞു പല തവണ വഴക്ക് കിട്ടിയിട്ടുണ്ടെങ്കിലും നമ്മൾ അതൊക്കെ വക വെക്കുമൊ… എവടെ… പള്ളിയിലേക്ക് ചീറിപ്പാഞ്ഞു എന്റെ എം റ്റി ബി…
കുർബാനയ്ക്ക് ഞായറാഴ്ച സഹായി ആയി നിൽക്കാൻ വൻ തിരക്കാണ്… എല്ലാവരും പള്ളിയിൽ വരുന്ന ദിവസമാണല്ലൊ.. അച്ചന്റെ കൂടെ സഹായി ആയി നിന്നാൽ ഒരു ഷോ… പിള്ളേരുടെ മനസ്സിൽ അതിൽ കൂടുതൽ ഒന്നും തന്നെയില്ല… ആ ഞായറാഴ്ച ഒരു വേകൻസി കിട്ടിയോ എന്നു ഓർമയില്ല… എതായാലും കുർബാന കണ്ടു…
കുർബാന കഴിഞ്ഞാൽ സണ്ഡെസ്കൂൾ ക്ലാസ്സ് തുടങ്ങും.. അന്ന് ഏഴാം ക്ലാസ്സിലാണ്… പാറക്കടവിലെ ജിജി സാറാണു ക്ലാസ്സ് എടുത്തിരുന്നത്… പള്ളിയുടെ പുറത്തുള്ള കെട്ടിടത്തിൽ സ്ഥലം കുറവായിരുന്നത് കൊണ്ട് ഏഴാം ക്ലാസ്സും എട്ടാം ക്ലാസ്സും പള്ളിയ്ക്കകത്ത് തന്നെ ആയിരുന്നു… 10 30 തൊട്ട് 12 30 വരെയാണു ക്ലാസ്സ്… ക്ലാസ്സ് എന്നൊന്നും പറയേണ്ട ആവശ്യമില്ല… രസമായിരുന്നു… ഈ സമയത്തിനിടയ്ക്ക് ഒരു 15 മിനിറ്റ് ഇടവേള ഉണ്ട്… ഈ 15 മിനിറ്റിൽ 2 ഓവർ ക്രിക്കറ്റ് കളി.. അടുത്തുള്ള മാടക്കടയിൽ നിന്നു മക്രോണി മിട്ടായി വാങ്ങൽ.. പിന്നെ അത് വച്ചുള്ള ഷോ… മമ്മൂട്ടിയുടെം മോഹൻലാലിന്റെയും പടമുള്ള ലേബൽ കച്ചവടം… ഇതൊക്കെ മുറയ്ക്ക് നടന്നിരുന്നു...
ഈ 15 മിനിറ്റിൽ പള്ളിമുറ്റത്ത് കൂടെ നടക്കുമ്പോഴാണ് ഒരു പുതിയ സെറ്റപ്പ് സൈക്കിൾ കണ്ടത്… അന്നു ഗിയറുള്ള സൈക്കിൾ എന്നു വച്ചാൽ ഒരു ഹരമായിരുന്നു… അടുത്ത് ചെന്നു നോക്കിയപ്പോൾ ഇതിനാണെങ്കിൽ ആവശ്യത്തിലധികം ഗിയറുകൾ… അടുത്തുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു അതിനു 18 ഗിയർ ഉണ്ടെന്ന്… ഹോ..18 ഗിയറേ… എന്റമ്മേ… ആരുടേതാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള പ്രശാന്ത് എന്ന ഒരുത്തന്റെ ആണ്… “ബുൾഫൈറ്റർ” എന്നാണ് ആ സൈക്കിളിന്റെ പേര് എന്നാണെന്റെ ഓർമ… ഇത്രേം ഗിയറൊക്കെ കണ്ട് ഒരു രസം മൂത്ത് ഗിയർ കോറേ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി നോക്കി… ഈ സമയം കൊണ്ട് എന്റെ കൂടെ ഉണ്ടായിരുന്നു കൂട്ടുകാരൻ ഈ വിവരം ഉടമസ്ഥനെ അറിയിച്ചു… ചതിയൻ…
നിമിഷങ്ങൾക്കകം ഉടമസ്ഥൻ സ്ഥലത്തെത്തി… അന്നേ അവൻ ഒരു വൻ തടിയൻ ആയിരുന്നു… എന്നെ കയ്യോടെ പിടികൂടി… എന്നെ നോക്കുമ്പോൾ തന്നെ അവന്റെ മുഖത്ത് ഒരു പുഛ്ഛ ഭാവമുണ്ട്… വെറും എം റ്റി ബി ഉള്ള നീ എന്റെ 18 ഗിയറുളുള്ള ബുൾഫൈറ്ററിൽ തോണ്ടിക്കളിക്കുന്നോ എന്നൊരു കുത്തകമുതലാളിയുടെ ഭാവം… മേലാൽ ഇതിൽ തൊട്ട് പോകരുതെന്നു ഒരു താക്കീതും തന്നു… ചുറ്റും പലരും നിൽപ്പുണ്ട്… ഞാൻ ആകെയൊന്ന് ചമ്മി…
താക്കീത് കിട്ടിയാലും അന്ന് അതൊന്നും ഒരു വിഷയമായിരുന്നില്ല… അവൻ അപ്പുറത്തേക്ക് പോയി എന്നുറപ്പ് വരുത്തിയ ശേഷം ഞാൻ വീണ്ടും ബുൾഫൈറ്ററിന്റെ അടുത്ത് ചെന്നു… ചുമ്മാ ആ ഗിയറ് മാറ്റാനുള്ള ഒരാഗ്രഹം.. അല്ലാതെന്ത്… പുലിക്ക് ഒരു ഇരയെ എറിഞ്ഞു കൊടുത്ത് ആ സീൻ ഒന്നു കാണാനുള്ള ആഗ്രഹം പലർക്കും ഉണ്ടാകും.. അങ്ങനെ ആഗ്രഹം മൂത്ത ഒരുത്തൻ ഈ വിവരം വീണ്ടും ആ തടിയനെ അറിയിച്ചു… ഇത്തവണ അവൻ വരുന്നത് ഞാൻ കണ്ടു… ഓടി രക്ഷപെടാൻ സമയം കിട്ടിയില്ല… അവൻ ഒരു ക്രൂരഭാവത്തോടെ എന്റടുത്തെത്തി… “നിന്നോട് അതിൽ തൊടല്ലെ എന്നു പറഞ്ഞതല്ലേടാ” എന്നും പറഞ്ഞ് അവന്റെ ഉരുക്ക് പോലത്തെ കൈ എന്റെ നെഞ്ചിനെ ലക്ഷ്യാമാക്കി വരുന്നത് മാത്രമേ ഓർമയുള്ളു… ഹാവൂ…
പിന്നെ ആരോ മുഖത്ത് വെള്ളമൊഴിക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്… ചുറ്റും അച്ചന്മാരും കുറച്ച് സീനിയർ ചേട്ടന്മാരും.. പള്ളിയോട് ചേർന്ന് തന്നെ അച്ചന്മാർ താമസിക്കണ കെട്ടിടത്തിലെ ഒരു മുറിയിലാണ് എന്നു മനസ്സിലായി… ഒരു കുറ്റവാളിയുടെ മുഖവുമായി തലകുനിച്ച് ബുൾഫൈറ്ററിന്റെ ഉടമസ്ഥൻ ആ മുറിയുടെ ഒരു മൂലയ്ക്കു നിൽപ്പുണ്ട്… ഞാൻ മെല്ലെ എണീറ്റു… പാന്റ് നനഞ്ഞിരിക്കുന്നു… എന്താ കഥ.. അവൻ എന്നെ ഇടിച്ചു മൂത്രമൊഴിപ്പിച്ചു.. അതന്നെ… ആകപ്പാടെ ചമ്മലായി… ഛേ… ഏഴാം ക്ലാസ്സിൽ ആണെങ്കിലും അഭിമാനം എന്നൊന്ന് ഉണ്ടല്ലോ… അത് കപ്പലുകയറി… അപ്പോഴേക്കും എല്ലാം നോർമൽ ആയിരുന്നെങ്കിലും അച്ചന്മാരുടെ നിർബന്ധം കാരണം ആരോ എന്നെ വീട്ടിൽ കൊണ്ട്പോയി ആക്കി.. ഒരു കസിൻ എന്റെ സ്വന്തം എം റ്റി ബി വീട്ടിൽ കൊണ്ട് വന്നു… അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് എന്നെ ഇടിച്ച് മൂത്രമൊഴിപ്പിച്ചവന്റെ അമ്മയും ചേട്ടനും കൂടെ എന്റെ വീട്ടിൽ… എന്തെങ്കിലും പറ്റിയോ എന്നറിയാൻ… എന്നാ പറ്റാൻ അല്ലേ.. ശുഭം…
എന്തൊക്കെയാണെങ്കിലും ഇപ്പോൾ അവൻ എന്റെ ഒരു വലിയ സുഹ്രുത്ത് ആണെന്നു പറയുന്നതിൽ എന്തെങ്കിലും അതിശയോക്തി ഉണ്ടെന്നു എനിക്കു തോന്നുന്നില്ല…
Subscribe to:
Post Comments (Atom)

No comments:
Post a Comment