Friday, August 28, 2009

അന്നൊരു ഞായറാഴ്ച….

ഞങ്ങൾ ക്രിസ്ത്യാനികൾക്ക് സ്കൂളിൽ പടിക്കണ സമയത്ത് സണ്ഡെസ്കൂൾ എന്നൊരു സംഭവം ഉണ്ട്…. ഞായറാഴ്ച 2 മണിക്കൂർ നീളുന്ന ഒരു സംഭവം… മതബോധനം ആണു ഉദ്ദേശമെങ്കിലും ആരും തന്നെ അത് കാര്യമായി എടുത്തിരുന്നില്ല… പക്ഷെ ഒത്തിരി സുഹ്രുത്തുക്കളെ സമ്മാനിച്ച ഒരു വേദിയായിരുന്നു മേൽ‌പ്പറഞ്ഞ സണ്ഡെസ്കൂൾ…

ഞങ്ങളുടെ ഗെത്സമനി പള്ളി കപ്പൂച്ചിൻ (ഫ്രാൻസിസ് അസ്സീസിയുടെ പിന്ഗാമികളായ ഒരു വിഭാഗം അച്ചന്മാർ) അച്ചന്മാരുടേതായിരുന്നു… കത്തീഡ്രൽ പള്ളിയും ഞങ്ങളുടെ പള്ളിയും തമ്മിൽ എന്തൊ തർക്കം ഉണ്ടായതിന്റെ പേരിൽ ആണുങ്ങൾക്കു ഗെത്സമനി പള്ളിയിലും പെൺകുട്ടികൾക്ക് അടുത്ത് തന്നെയുള്ള മറ്റൊരു പള്ളിയിലും ആയിരുന്നു സണ്ഡെസ്കൂൾ… ഇതിൽ കൂടുതൽ ചതി അച്ചന്മാർ ഞങ്ങളോട് ചെയ്യാനില്ല… കാരണം നല്ല സുന്ദരികളായ പെൺകുട്ടികൾക്കു പേരുകേട്ട ഒരു ഏരിയ ആയിരുന്നു ഞങ്ങളുടേത്… ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല… പക്ഷെ പള്ളികൾ തമ്മിൽ എതിർപ്പായിരുന്നെങ്കിലും ഞങ്ങൾ സണ്ഡെസ്കൂളുകൾ തമ്മിൽ ഒരു നല്ല ബന്ധം ഞങ്ങൾ പുലർത്തിപ്പോന്നു… എല്ലാ ഭാരതീയരും എന്റെ സഹോദരന്മാരും അവരുടെ പെങ്ങന്മാരും എന്നാണല്ലോ…

ജീവിതത്തിലെ സുവർണ കലഘട്ടമായിരുന്നു അത്… പള്ളിയും ഞങ്ങളുടെ ആ ഇടവക (ഒരു പള്ളിയുടെ കീഴിലുള്ള ഏരിയ)യും മാത്രം… പള്ളിയും പെരുന്നാളും ക്രിക്കറ്റും ഫുട്ബോളും… നാട്ടിലുള്ള എല്ലാവർക്കും തന്നെ ഞങ്ങളെ അറിയാം… പള്ളിയിലെ പിള്ളേർ… എന്തിനും ഏതിനും ഞങ്ങൾ തന്നെ… അന്നു ആ ജീവിതത്തിന്റെ വില മനസ്സിലാക്കിയിരുന്നില്ല… ഇന്നു അതോർക്കുമ്പോഴാണു അതിന്റെ വില മനസ്സിലാകുന്നതു… ചെറുതായിരിക്കുമ്പോൾ വലുതാവാൻ മോഹം… വലുതായിക്കഴിഞ്ഞാലോ ഒന്നു ചെറുതായാൽ കൊള്ളാം… അല്ലെ.. .

ഒരല്പം നൊസ്റ്റാൾജിക് ആയി… അതൊക്കെ പോട്ടെ…

ഇനി നമ്മുടെ കഥാതന്തു…. അന്ന് ആ ഞായറാഴ്ച്ചയും പതിവു പോലെ 9:15ഇനു വീട്ടിൽ നിന്നും എന്റെ സ്വന്തം ഹെർക്കുലീസ് എം റ്റി ബി-യിൽ പള്ളിയിലേക്ക് വച്ച് പിടിപ്പിച്ചു… സൈക്കിളിൽ ഉള്ള അഭ്യാസത്തിനു പല അപ്പാപ്പന്മാരും എന്റെ അപ്പനോടും അമ്മയോടും പരാതി പറഞ്ഞു പല തവണ വഴക്ക് കിട്ടിയിട്ടുണ്ടെങ്കിലും നമ്മൾ അതൊക്കെ വക വെക്കുമൊ… എവടെ… പള്ളിയിലേക്ക് ചീറിപ്പാഞ്ഞു എന്റെ എം റ്റി ബി…

കുർബാനയ്ക്ക് ഞായറാഴ്ച സഹായി ആയി നിൽക്കാൻ വൻ തിരക്കാണ്… എല്ലാവരും പള്ളിയിൽ വരുന്ന ദിവസമാണല്ലൊ.. അച്ചന്റെ കൂടെ സഹായി ആയി നിന്നാൽ ഒരു ഷോ… പിള്ളേരുടെ മനസ്സിൽ അതിൽ കൂടുതൽ ഒന്നും തന്നെയില്ല… ആ ഞായറാഴ്ച ഒരു വേകൻസി കിട്ടിയോ എന്നു ഓർമയില്ല… എതായാലും കുർബാന കണ്ടു…

കുർബാന കഴിഞ്ഞാൽ സണ്ഡെസ്കൂൾ ക്ലാസ്സ് തുടങ്ങും.. അന്ന് ഏഴാം ക്ലാസ്സിലാണ്… പാറക്കടവിലെ ജിജി സാറാണു ക്ലാസ്സ് എടുത്തിരുന്നത്… പള്ളിയുടെ പുറത്തുള്ള കെട്ടിടത്തിൽ സ്ഥലം കുറവായിരുന്നത് കൊണ്ട് ഏഴാം ക്ലാസ്സും എട്ടാം ക്ലാസ്സും പള്ളിയ്ക്കകത്ത് തന്നെ ആയിരുന്നു… 10 30 തൊട്ട് 12 30 വരെയാണു ക്ലാസ്സ്… ക്ലാസ്സ് എന്നൊന്നും പറയേണ്ട ആവശ്യമില്ല… രസമായിരുന്നു… ഈ സമയത്തിനിടയ്ക്ക് ഒരു 15 മിനിറ്റ് ഇടവേള ഉണ്ട്… ഈ 15 മിനിറ്റിൽ 2 ഓവർ ക്രിക്കറ്റ് കളി.. അടുത്തുള്ള മാടക്കടയിൽ നിന്നു മക്രോണി മിട്ടായി വാങ്ങൽ.. പിന്നെ അത് വച്ചുള്ള ഷോ… മമ്മൂട്ടിയുടെം മോഹൻലാലിന്റെയും പടമുള്ള ലേബൽ കച്ചവടം… ഇതൊക്കെ മുറയ്ക്ക് നടന്നിരുന്നു...

ഈ 15 മിനിറ്റിൽ പള്ളിമുറ്റത്ത് കൂടെ നടക്കുമ്പോഴാണ് ഒരു പുതിയ സെറ്റപ്പ് സൈക്കിൾ കണ്ടത്… അന്നു ഗിയറുള്ള സൈക്കിൾ എന്നു വച്ചാൽ ഒരു ഹരമായിരുന്നു… അടുത്ത് ചെന്നു നോക്കിയപ്പോൾ ഇതിനാണെങ്കിൽ ആവശ്യത്തിലധികം ഗിയറുകൾ… അടുത്തുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു അതിനു 18 ഗിയർ ഉണ്ടെന്ന്… ഹോ..18 ഗിയറേ… എന്റമ്മേ… ആരുടേതാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള പ്രശാന്ത് എന്ന ഒരുത്തന്റെ ആണ്… “ബുൾഫൈറ്റർ” എന്നാണ് ആ സൈക്കിളിന്റെ പേര് എന്നാണെന്റെ ഓർമ… ഇത്രേം ഗിയറൊക്കെ കണ്ട് ഒരു രസം മൂത്ത് ഗിയർ കോറേ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി നോക്കി… ഈ സമയം കൊണ്ട് എന്റെ കൂടെ ഉണ്ടായിരുന്നു കൂട്ടുകാരൻ ഈ വിവരം ഉടമസ്ഥനെ അറിയിച്ചു… ചതിയൻ…

നിമിഷങ്ങൾക്കകം ഉടമസ്ഥൻ സ്ഥലത്തെത്തി… അന്നേ അവൻ ഒരു വൻ തടിയൻ ആയിരുന്നു… എന്നെ കയ്യോടെ പിടികൂടി… എന്നെ നോക്കുമ്പോൾ തന്നെ അവന്റെ മുഖത്ത് ഒരു പുഛ്ഛ ഭാവമുണ്ട്… വെറും എം റ്റി ബി ഉള്ള നീ എന്റെ 18 ഗിയറുളുള്ള ബുൾഫൈറ്ററിൽ തോണ്ടിക്കളിക്കുന്നോ എന്നൊരു കുത്തകമുതലാളിയുടെ ഭാവം… മേലാൽ ഇതിൽ തൊട്ട് പോകരുതെന്നു ഒരു താക്കീതും തന്നു… ചുറ്റും പലരും നിൽ‌പ്പുണ്ട്… ഞാൻ ആകെയൊന്ന് ചമ്മി…

താക്കീത് കിട്ടിയാലും അന്ന് അതൊന്നും ഒരു വിഷയമായിരുന്നില്ല… അവൻ അപ്പുറത്തേക്ക് പോയി എന്നുറപ്പ് വരുത്തിയ ശേഷം ഞാൻ വീണ്ടും ബുൾഫൈറ്ററിന്റെ അടുത്ത് ചെന്നു… ചുമ്മാ ആ ഗിയറ് മാറ്റാനുള്ള ഒരാഗ്രഹം.. അല്ലാതെന്ത്… പുലിക്ക് ഒരു ഇരയെ എറിഞ്ഞു കൊടുത്ത് ആ സീൻ ഒന്നു കാണാനുള്ള ആഗ്രഹം പലർക്കും ഉണ്ടാ‍കും.. അങ്ങനെ ആഗ്രഹം മൂത്ത ഒരുത്തൻ ഈ വിവരം വീണ്ടും ആ തടിയനെ അറിയിച്ചു… ഇത്തവണ അവൻ വരുന്നത് ഞാൻ കണ്ടു… ഓടി രക്ഷപെടാൻ സമയം കിട്ടിയില്ല… അവൻ ഒരു ക്രൂരഭാവത്തോടെ എന്റടുത്തെത്തി… “നിന്നോട് അതിൽ തൊടല്ലെ എന്നു പറഞ്ഞതല്ലേടാ” എന്നും പറഞ്ഞ് അവന്റെ ഉരുക്ക് പോലത്തെ കൈ എന്റെ നെഞ്ചിനെ ലക്ഷ്യാമാക്കി വരുന്നത് മാത്രമേ ഓർമയുള്ളു… ഹാവൂ…

പിന്നെ ആരോ മുഖത്ത് വെള്ളമൊഴിക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്… ചുറ്റും അച്ചന്മാരും കുറച്ച് സീനിയർ ചേട്ടന്മാരും.. പള്ളിയോട് ചേർന്ന് തന്നെ അച്ചന്മാർ താമസിക്കണ കെട്ടിടത്തിലെ ഒരു മുറിയിലാണ് എന്നു മനസ്സിലായി… ഒരു കുറ്റവാളിയുടെ മുഖവുമായി തലകുനിച്ച് ബുൾഫൈറ്ററിന്റെ ഉടമസ്ഥൻ ആ മുറിയുടെ ഒരു മൂലയ്ക്കു നിൽ‌പ്പുണ്ട്… ഞാൻ മെല്ലെ എണീറ്റു… പാന്റ് നനഞ്ഞിരിക്കുന്നു… എന്താ കഥ.. അവൻ എന്നെ ഇടിച്ചു മൂത്രമൊഴിപ്പിച്ചു.. അതന്നെ… ആകപ്പാടെ ചമ്മലായി… ഛേ… ഏഴാം ക്ലാസ്സിൽ ആണെങ്കിലും അഭിമാനം എന്നൊന്ന് ഉണ്ടല്ലോ… അത് കപ്പലുകയറി… അപ്പോഴേക്കും എല്ലാം നോർമൽ ആയിരുന്നെങ്കിലും അച്ചന്മാരുടെ നിർബന്ധം കാരണം ആരോ എന്നെ വീട്ടിൽ കൊണ്ട്പോയി ആക്കി.. ഒരു കസിൻ എന്റെ സ്വന്തം എം റ്റി ബി വീട്ടിൽ കൊണ്ട് വന്നു… അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് എന്നെ ഇടിച്ച് മൂത്രമൊഴിപ്പിച്ചവന്റെ അമ്മയും ചേട്ടനും കൂടെ എന്റെ വീട്ടിൽ… എന്തെങ്കിലും പറ്റിയോ എന്നറിയാൻ… എന്നാ പറ്റാൻ അല്ലേ.. ശുഭം…

എന്തൊക്കെയാണെങ്കിലും ഇപ്പോൾ അവൻ എന്റെ ഒരു വലിയ സുഹ്രുത്ത് ആണെന്നു പറയുന്നതിൽ എന്തെങ്കിലും അതിശയോക്തി ഉണ്ടെന്നു എനിക്കു തോന്നുന്നില്ല…

എഞ്ചിനീയറിങ് കോളേജിലെ ആദ്യ തല്ലുകൊള്ളിത്തരം...

അന്നൊരു ശനിയാഴ്ച രാ‍ത്രി ഏകദേശം 11 മണിയായ്ക്കാണും.. ഫസ്റ്റ് ഇയറ് പടിക്കുന്ന സമയം... രാ‍ജഗിരി MBA കോളേജിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഫസ്റ്റ് ഇയർ ഞങ്ങളുടെ വിശ്വവിഖ്യാതമായ ഹോസ്റ്റൽ...കോളേജിലെ ഫസ്റ്റ് ബാച്ച്... സൌകര്യങ്ങളൊക്കെ വളരെ കുറവാണ്...


കോളേജിൽ ചേർന്ന സമയമായത് കൊണ്ട് എല്ലാവരും തന്നെ നേരത്തെ കിടന്നിരുന്നു... ഞങ്ങളുടെ സെക്ഷണിൽ ഞങ്ങൾ 4-5 പേർ വെറുതെ സൊറ പറഞ്ഞിരിക്കുന്ന സമയം... രാവിലെ കുർബാനയ്ക്ക് പോകണം എന്നാരോ പറഞ്ഞപ്പോഴാണ് ആരോ കുർബാനയ്ക്കുള്ള വൈനിന്റെ കാര്യം എടുത്തിട്ടത്... നേരത്തെ പറഞ്ഞല്ലോ സൌകര്യങ്ങളൊക്കെ വളരെ കുറവായിരുന്നു എന്ന്... ഹോസ്റ്റെലിൽ തന്നെയുള്ള ഒരു കോമൺ റൂമിലായിരുന്നു കുർബാന നടത്തിയിരുന്നത്... ആ റൂമിൽ തന്നെയുള്ള ഒരു അലമാരയിലാണ് കുർബാനയ്ക്കുള്ള സാമഗ്രികൾ വച്ചിരുന്നത്... അവിടെ നിന്നും ഒരല്പം വൈൻ അടിച്ച് മാറ്റിയാലെന്താ എന്നൊരു ആലോചന... ഒരല്പം വൈൻ കുടിക്കാൻ താല്പര്യമില്ലാതിരുന്ന ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല... എന്നാ പിന്നെ ആയിക്കളയാം.. എന്താ???


സമയം 12 മണി കഴിഞ്ഞിരുന്നു അപ്പോഴേക്കും... ഞങ്ങളുടെ സെക്ഷൻ ഒഴിച്ച് ബാക്കിയെല്ലായിടത്തെയും വെളിച്ചം അണഞ്ഞിരുന്നു... ആരും ഇല്ല എന്നുറപ്പ് വരുത്തിയ ശേഷം ഞങ്ങൾ കോമൺ റൂമിലേക്ക് നീങ്ങി... ഒരു വെളുത്ത തുണി കൊണ്ട് കുർബാന നടക്കുന്ന സ്ഥലം മറച്ചിരുന്നു... അതിനു പുറകിലാണ് ആ അലമാരയും... അലമാരയുടെ താക്കോൽ അതിനു മുകളിൽ തന്നെയാണ് വച്ചിരുന്നത്... താക്കോൽ എടുത്ത് മെല്ലെ അലമാര തുറന്നു... സാധാരണ അലമാര തുറക്കുംബോൾ ഉണ്ടാകുന്ന ആ വ്രുത്തികെട്ട ശബ്ദം അന്നും ചെറുതായ് കേട്ടു... പക്ഷെ ആരെയും ഉറക്കത്തിൽ നിന്നു എഴുന്നേൽ‌പ്പിക്കാൻ മാത്രം ആ ശബ്ദം മതിയായിരുന്നില്ല...തുറന്നപ്പോൾ മുന്നിൽ തന്നെ ഇരിപ്പുണ്ട് കഥാനായകനായ വൈൻ കുപ്പി... ഒരു മുഴുവൻ കുപ്പി വൈൻ പ്രതീക്ഷിച്ച് ചെന്ന ഞങ്ങളെ ആ കുപ്പി നിരാശപ്പെടുത്തി... ഒരു 300 മില്ലീലിറ്ററിൽ കൂടുതൽ ഉണ്ടായിരുന്നില്ല ആ കുപ്പിയിൽ... എതായാലും തുനിഞ്ഞിറങ്ങി... പിന്നോട്ട് ഒരടി മാറാൻ ആർക്കും തന്നെ താല്പര്യമുണ്ടായിരുന്നില്ല...


കുർബാനയ്ക്ക് വളരെ കുറച്ച് വൈൻ മതി... അത് ഒഴിച്ചു ബാക്കി മുഴുവൻ അകത്താക്കാം എന്നായി കൂട്ടത്തിൽ ഒരുത്തന്റെ അഭിപ്രായം... അത് റിസ്ക് ആണ്... ഫസ്റ്റ് ഇയർ അല്ലെ... അതിനുള്ള ധൈര്യം പൊരാ... എങ്കിൽ എല്ലാവർക്കും അല്പം അല്പം കുടിക്കാം... അതു മതി... ഞങ്ങൾ 5 പേരായിരുന്നു എന്നാണു എന്റെ ഓർമ... ഒരാൾ കുടിച്ചു… രണ്ടാമത്തെയാൾ കുടിച്ചു... മൂന്നാമത് കുടിച്ചവനു ഒരല്പം ആർത്തി കൂടുതൽ ആയിരുന്നതിനാൽ കുപ്പി എടുത്ത പാടെ മോന്തി... ദൈവമേ... പണി പാളി... കുഞ്ഞ് പിള്ളേരുടെ വായിൽ നിന്നും ഒലിക്കണ പൊലെ കുറച്ച് വൈൻ അവന്റെ വായിൽ നിന്നും ഒലിച്ച് വീണത് കുർബാനയ്ക്കുള്ള മേശയിൽ വിരിച്ചിരുന്ന വെളുത്ത തുണിയുടെ മുകളിൽ... ഇനി എന്നാ ചെയ്യും... വൈൻ ഒലിപ്പിച്ചവനെ അന്നു പറഞ്ഞ ചീത്തയ്ക്ക് കയ്യും കണക്കുമില്ല...


ആ വെളുത്ത തുണിയുടെ മുകളിൽ ആവശ്യത്തിനും അനാവശ്യത്തിനും അതു പടർന്നു... അച്ചൻ രാ‍വിലെ വന്നാൽ ആദ്യം കണ്ണ് ചെന്ന് വീഴുന്നത് ഈ പടർന്ന് കിടക്കുന്ന വൈനിലായിരിക്കും എന്ന് ഒരു സംശയവും വേണ്ട... ഒരന്വേഷണം ഉണ്ടായാൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് ഹൊസ്റ്റെലിൽ ആ സമയം കൊണ്ട് തന്നെ നൊട്ടോറിയസ് ആയിരുന്ന ഞങ്ങൾ തന്നെ ആയിരിക്കും... എന്താ ഇപ്പൊ ചെയ്ക... അപ്പോഴാണ് മുകളിലത്തെ തുണിയുടെ അടിയിൽ അതുപോലെ തന്നെ മറ്റൊരു തുണി ആരോ ശ്രദ്ധിച്ചത്... മുകളിലത്തെ തുണി മാറ്റി നോക്കിയപ്പോൾ അതിലുമുണ്ട് അച്ചനു കാണാൻ തക്ക വിധത്തിൽ വൈൻ... വൈൻ ഒലിപ്പിച്ചവന്റെ അപ്പോഴത്തെ ചിരി ഇപ്പോഴും മനസ്സിൽ തങ്ങി നിൽ‌പ്പുണ്ട്... ഏതായാലും താഴത്തെ തുണിയിൽ മികളിലത്തേതിന്റെ അത്രെയും പടർന്നിരുന്നില്ല... പെട്ടെന്നു തന്നെ തുണികൾ ഇന്റർചേൻജ് ചെയ്തു... ഇതു പോരാ...


അപ്പോഴാണു ഒരു ഇന്നൊവീറ്റീവ് ഐഡിയ... ഈ തുണിയിൽ വൈൻ പറ്റിയ ഭാഗം ഒന്നു കഴുകി ഒന്ന് തേച്ച് എടുത്താൽ ശരിയാവൂല്ലേ?? ആആ‍ആ... ആർക്കറിയാം...എന്നാലും വേറെ ഒരു പോംവഴിയും ഇല്ലാത്തത് കൊണ്ട് ഒന്നു പരീക്ഷിക്കുക തന്നെ... മുകളിലത്തെ ആ തുണി എടുത്ത് കൊണ്ട് പോയി ചെറുതായ് സോപ്പ് ഇട്ട് കഴുകി തിരികെ കൊണ്ട് വന്നു... എന്നാലും ഇപ്പോഴുമുണ്ട് വൈനിന്റെ ആ കറ തുണിയിൽ.. എതായാലും പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല... ഇനി ആ തുണി ഒന്നു ചൂടാക്കണം... അതിനു ഹോസ്റ്റലിലെ തേപ്പ്പെട്ടി തന്നെ ശരണം...


പക്ഷെ ആ മേശയുടെ അടുത്ത് പ്ലഗ് ഒന്നും തന്നെയില്ല... പുറത്ത് വച്ച് തേക്കാൻ ഉള്ള ധൈര്യം ആർക്കും തന്നെ ഉണ്ടായിരുന്നില്ല... ആ മുറിയിൽ തന്നെ അപ്പുറത്തെ വശത്ത് ഒരു പ്ലഗ് ഉണ്ടായിരുന്നു... അവിടെ കുത്തി ചൂടാക്കി കൊണ്ട് വന്നു തേച്ചു…തുണി നന്നായി ഉണങ്ങി… എന്നാലും വൈൻ പടർന്നത് മുഴുവനായ് പോയിരുന്നില്ല... എതാ‍യാലും ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല... അച്ചൻ പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിൽ ആ തുണി വിരിച്ചിട്ടു... സമയം 3 മണി... അല്പം പേടിയോടെ ആണെങ്കിലും എല്ലാവരും ഉറങ്ങാനായ് സുലാൻ പറഞ്ഞു... രാവിലെ ഈ വില്ലന്മാര് എല്ലാരും തന്നെ കുർബാനയ്ക്കു ഉണ്ടായിരുന്നു... അച്ചന്റെ കണ്ണിൽ സംശയത്തിന്റെ ഒരു നിഴലു പോലുമില്ല... ഹാവു സമാധാനമായ്...


ആ തുണികൾ പിന്നീട് എടുത്തു മാറ്റിയപ്പൊ വൈൻ മുഴുവൻ പടർന്ന ആ തുണി അച്ചനൊ ബ്രദറൊ കണ്ടുകാണുമൊ എന്ന് ഇപ്പോഴും അറിവില്ല...